Friday 13 June 2014

കീമോ



എന്‍റെ ആഹാരം; ഞാന്‍ ഭക്ഷണമാക്കിയവര്‍;

എന്‍റെതു  മാത്രമായ മോഹങ്ങള്‍,ഞാന്‍ തിന്ന കോഴി, ഞാന്‍ തിന്ന ആട്, ഞാന്‍ തിന്ന പോത്ത്;

ഞാന്‍ (അറിയാതെയാണെങ്കിലും) തിന്ന നൂറു കണക്കിന് ഉറുമ്പുകള്‍........

എന്‍റെ തീരുമാനങ്ങള്‍;  ലഹരി, എന്‍റെ കോപം, എന്‍റെ വാശി, 

എല്ലാം,... എല്ലാവരും ഒടുവില്‍ എനിക്ക് നേരേ തിരിഞ്ഞു...

എന്നോടുള്ള പക ... എന്നോട് മാത്രമുള്ള പക...

അവരുടെ പ്രതികാരത്തിനു ഇളം ബ്രൌണ്‍ കലര്‍ന്ന കറുപ്പ് നിറമായിരുന്നു,.... 

ഭാരം എഴുപത് ഗ്രാമും.


........................................................................................................

Sunday 8 January 2012

തീയും പുകയും

പുര കത്തുന്നെന്നാരോ പറഞ്ഞു, വാഴ വെട്ടാമെന്നായി കേസരി   

കത്തുന്നത് പുരയല്ലത്രേ കാലിത്തോഴുത്താണ് പോലും.

പത്രത്തിലുണ്ടായിരുന്നു കാലിത്തോഴുത്തിനു തീപിടിച്ചു.
ടീവിയിലെ വാര്‍ത്തയില്‍ കേട്ടത് മൃഗശാലക്കാണെന്ന്
കോളേജില്‍ കുട്ടികള്‍ തര്‍ക്കിച്ചു, കൂട്ടത്തല്ലായി. കൊട്ടാരം, കുടില്‍,
പത്തായം, മുതല്‍ ആരും കയറാത്ത അമ്പലമാണെന്നു വരെ.
റോഡരുകില്‍ കിടന്ന ഭ്രാന്ത ന്‍    ചിരിച്ചു, 'തീപിടിച്ചത് ഭ്രാന്താശുപത്രിക്കാണ്'
 അതല്ലേയുള്ളെങ്ങും അതു മാത്രമല്ലേയുള്ളെങ്ങും.
എല്ലാവരും കരഞ്ഞു, ആനയും, ആടും, പട്ടിയും, പൂച്ചയും,
എന്നിട്ടും കേസരി കരഞ്ഞില്ല, എന്തുകൊണ്ടാണെന്നറിയില്ല,
ഒന്നും കേട്ടതായി കൂടി ഭാവിച്ചില്ല, എന്തോ തിരക്കിലായിരുന്നിരിക്കാം,
ഒരു പക്ഷെ, വാഴ വെട്ടാന്‍ കത്തിക്ക് മൂര്‍ച്ച കൂട്ടുകയായിരിക്കാം.
ആ ല്‍ മരച്ചോട്ടിലെ കള്ളസന്ന്യാസി പറഞ്ഞത്രേ   ഒന്നും കത്തുന്നില്ല,
എല്ലാം വെറും മിഥ്യയാണെന്ന്, കാണുന്നതെല്ലാം മായയാണെന്ന്.
ചിലപ്പോള്‍ ശരിയായിരിക്കാം, സന്ന്യാസി കള്ളനാണെങ്കിലും,
പറഞ്ഞതെല്ലാം കള്ളമായിക്കൊള്ളണമെന്നില്ലല്ലോ.
ചിരിച്ചത് കുറച്ചു പേര്‍ മാത്രം, പാറ്റയും, മുതലയും, പടുകൂറ്റന്‍ ആമയും,
പിന്നെ, എല്ലാവരും ചത്തെന്നു കരുതിയ നീല മത്സ്യവും.
ഒരാളെ വിട്ടുപോയി, ആദ്യം പറഞ്ഞ റോഡരുകിലെ  ഭ്രാന്ത ന്‍  , 
അയാളും  ചിരിക്കുകയായിരുന്നല്ലോ!!!!!

Thursday 22 December 2011

കാണേണ്ടാത്തതും കേള്‍ക്കേണ്ടാത്തതും

ആളും പോരുമില്ലത്ത അമ്പലത്തിലെ,
വാലും തലയുമില്ലാത്ത, പൂജാരി പറഞ്ഞു
"ഞാനും നീയും കാണുന്നതല്ലൊന്നും,
പറയുന്നതും കേള്‍ക്കുന്നതും തെറ്റെന്നറിയാമെങ്കിലും
പറയില്ല, അറിഞ്ഞ ഭാവം കൂടി നടിക്കില്ല,
അരയും തലയും മുറുക്കി ജീവിക്കാന്‍,
കുറേ വയറിനായ്പലരോടുമിരക്കാന്‍
മറന്നതാണ്  മന:പൂര്‍വ്വമെന്റെ പൂര്‍വികര്‍,
അവരോടൊപ്പം മരിച്ചതാണ് സത്യവും.